നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

വീണ്ടെടുപ്പിനൊരുങ്ങിയത്

ജര്‍മ്മനിയില്‍ പട്ടാളത്തിലായിരിക്കുമ്പോള്‍ ഞാന്‍ 1969 ഫോക്സ് വാഗന്റെ ഒരു ബ്രാന്‍ഡ് ന്യൂ ബീറ്റില്‍ വാങ്ങി. അതൊരു സുന്ദരന്‍ കാറായിരുന്നു. അതിന്റെ കടുംപച്ച പുറം ബ്രൗണ്‍ ലെതര്‍ ഉള്‍ഭാഗത്തോടു ഒത്തിണങ്ങിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും സംഭവിച്ചു, ഒരു അപകടത്തില്‍ അതിന്റെ റണ്ണിങ് ബോര്‍ഡും ഒരു വാതിലും തകര്‍ന്നു. കൂടുതല്‍ ഭാവനയോടെ ഞാന്‍ ചിന്തിച്ചു, 'എന്റെ ക്ലാസിക് കാര്‍ ഒരു യഥാസ്ഥാപനത്തിനു പറ്റിയ അവസ്ഥയിലാണ്.' കൂടുതല്‍ പണം മുടക്കിയാല്‍ എനിക്കതിനെ രക്ഷിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ അതൊരിക്കലും സംഭവിച്ചില്ല.

പരിപൂര്‍ണ്ണമായ കാഴ്ചയും പരിധിയില്ലാത്ത സ്രോതസ്സുകള്‍ക്കും ഉടമയായ…

ദൈവ കല്പിത വ്യതിചലനങ്ങള്‍

'ഇല്ല' അല്ലെങ്കില്‍ 'ഇപ്പോള്‍ ഇല്ല' എന്നു കേള്‍ക്കുന്നത് നമുക്ക് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും മറ്റുള്ളവരെ സേവിക്കാന്‍ ഒരു വാതില്‍ ദൈവം തുറന്നിരിക്കുന്നു എന്നു നാം മനസ്സിലാക്കുന്ന സമയത്ത്. എന്റെ ശുശ്രൂഷയുടെ ആദ്യ നാളുകളില്‍, എന്റെ കഴിവുകളും നൈപുണ്യങ്ങളും ആ സഭയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു എന്നെനിക്ക് തോന്നിയ രണ്ട് അവസരങ്ങള്‍ എന്റെ മുമ്പില്‍ വന്നു, എങ്കിലും രണ്ടു വാതിലുകളും ക്രമേണ അടഞ്ഞു. ആ രണ്ടു ഇച്ഛാഭംഗങ്ങള്‍ക്ക് ശേഷം മറ്റൊരു പദവി വരികയും ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ ശുശ്രൂഷാവിളിയെ തുടര്‍ന്നുണ്ടായത് എന്റെ ജീവിതത്തെ സ്പര്‍ശിച്ച പതിമൂന്ന് വര്‍ഷത്തെ ഇടയ ശുശ്രൂഷ ആയിരുന്നു.

അപ്പൊ. പ്രവൃത്തികള്‍ 16-ാം അധ്യായത്തില്‍ പൗലൊസിനെയും കൂട്ടാളികളെയും രണ്ടു പ്രാവശ്യം ദൈവം വഴി തിരിച്ചുവിട്ടു. ആദ്യം, 'അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കി' (വാ. 6). തുടര്‍ന്ന്, 'മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു, യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല' (വാ.7). തന്റെ വേലയ്ക്കും വേലക്കാര്‍ക്കും വേണ്ടി ഉത്തമമായ മറ്റ് പദ്ധതികള്‍ ദൈവത്തിന്റെ പക്കലുണ്ടായിരുന്നുവെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. മുന്‍ പദ്ധതികളോടുള്ള ദൈവത്തിന്റെ വിസമ്മതം അവനെ ശ്രവിക്കുവാനും അവന്റെ നടത്തിപ്പിന് ആത്മവിശ്വാസത്തോടെ കീഴ്‌പ്പെടുവാനും ഉള്ള സ്ഥിതിയില്‍ അവരെ എത്തിച്ചു (വാ. 9-10).

വേദനാജനകമായ നഷ്ടമെന്ന് നാം തുടക്കത്തില്‍ ചിന്തിച്ച ഒരു കാര്യത്തെച്ചൊല്ലി ദുഃഖിക്കാത്തവര്‍ നമ്മിലാരുണ്ട്? പ്രതീക്ഷിച്ച ജോലി ലഭിക്കാതിരുന്നപ്പോള്‍, ശുശ്രൂഷാ അവസരം സാക്ഷാത്കരിക്കപ്പെടാതിരുന്നപ്പോള്‍, ഒരു സ്ഥലംമാറ്റം വഴിമാറിപ്പോയപ്പോള്‍, മുറിവേറ്റതായി നമുക്കനുഭവപ്പെട്ടു. അത്തരം കാര്യങ്ങള്‍ ആ സമയം ഭരമേറിയതായിരുന്നെങ്കിലും ആ വഴിമാറിപ്പോകലുകള്‍ നാം ആയിരിക്കണമെന്ന് അവനാഗ്രഹിച്ച ഇടത്ത് നമ്മെ എത്തിക്കാന്‍ കൃപയോടെ ദൈവം ഉപയോഗിച്ച വഴി തിരിച്ചുവിടലുകളായിരുന്നുവെന്നു കാലം തെളിയിച്ചിട്ടുണ്ട് എന്നതില്‍ നാം നന്ദിയുള്ളവരാണ്.

കൊടുങ്കാറ്റില്‍ സന്നിഹിതന്‍

ഞങ്ങളുടെ സഭയില്‍പ്പെട്ട, ആറുപേരുള്ള ഒരു കുടുംബത്തിന്റെ വീട് അഗ്നിക്കിരയായി, പിതാവും മകനും രക്ഷപ്പെട്ടെങ്കിലും പിതാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും രണ്ടു കൊച്ചു കുട്ടികളും കൊല്ലപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള ഹൃദയഭേദകമായ സംഭവങ്ങള്‍ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവ വീണ്ടും സംഭവിക്കുമ്പോള്‍, കാലങ്ങളായുള്ള പഴയ ചോദ്യം ഉയരുന്നു: 'എന്തുകൊണ്ടാണ് നല്ല മനുഷ്യര്‍ക്ക് മോശം കാര്യങ്ങള്‍ സംഭവിക്കുന്നത്?' ഈ പഴയ ചോദ്യത്തിന് പുതിയ ഉത്തരങ്ങളില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.

എങ്കിലും സങ്കീര്‍ത്തനം 46-ല്‍ സങ്കീര്‍ത്തനക്കാരന്‍ മുന്നോട്ട് വയ്ക്കുന്ന സത്യത്തെ നാം ആവര്‍ത്തിച്ച് കേള്‍ക്കുകയും ഉരുവിടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്: 'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു' (വാ. 1). വാ.2-3 ല്‍ വിവരിക്കുന്ന സ്ഥിതി ദുരന്തപൂര്‍ണ്ണമാണ് - ഭൂമിയും പര്‍വ്വതങ്ങളും ഇളകുകയും സമുദ്രം ക്ഷോഭിക്കുകയും ചെയ്യുന്നു. ഇവിടെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന കൊടുങ്കാറ്റിലെ സാഹചര്യത്തില്‍ അകപ്പെടുന്ന കാര്യം സങ്കല്പിച്ചാല്‍ തന്നെ നാം നടുങ്ങിപ്പോകും. എങ്കിലും ചിലപ്പോഴൊക്കെ അത്തരം സാഹചര്യങ്ങളില്‍ - ഒരു മാരക രോഗത്തിന്റെ അവസ്ഥയിലോ, തകര്‍ത്തു കളയുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയോ, പ്രിയപ്പെട്ടവരുടെ മരണം ഉളവാക്കുന്ന ഞെട്ടലിലോ - നാം അകപ്പെടാറുണ്ട്.
പ്രതിസന്ധിയുടെ സാന്നിധ്യം ദൈവത്തിന്റെ അസാന്നിധ്യമാണെന്ന് ന്യായീകരിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്.

എന്നാല്‍ തിരുവചന സത്യം അത്തരം ധാരണകളെ എതിര്‍ക്കുന്നു: 'സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്: യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു' (വാ. 7,11). നമ്മുടെ സാഹചര്യങ്ങള്‍ അസഹനീയമാകുമ്പോള്‍ അവന്‍ അടുത്തുവരുന്നു; അവന്റെ സ്വഭാവത്തില്‍ - അവന്‍ നല്ലവനും സ്‌നേഹവാനും വിശ്വസിക്കാവുന്നവനും ആകുന്നു - നാം ആശ്വാസം കണ്ടെത്തുന്നു.

ബന്ധിതനെങ്കിലും നിശബ്ദനല്ല

1963 വേനല്‍ക്കാലത്ത്, രാത്രി മുഴുവനും നീണ്ട ബസ് യാത്രയ്ക്കുശേഷം പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമറും മറ്റ് ആറ് കറുത്ത വര്‍ഗ്ഗക്കാരായ യാത്രക്കാരും ഭക്ഷണം കഴിക്കാനായി മിസ്സിസിപ്പിയിലെ വിനോനയിലുള്ള ഒരു ഭക്ഷണശാലയിലേക്കു കയറി. പോലീസുകാര്‍ അവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ശേഷം അവരെ അറസ്റ്റു ചെയ്തു ജയിലിലാക്കി. എന്നാല്‍ നിയമരഹിത അറസ്‌റ്റോടു കൂടി അപമാനിക്കല്‍ അവസാനിച്ചില്ല. എല്ലാവരെയും കഠിനമായി തല്ലി. ഫാനിയെയാണ് കൂടുതല്‍ തല്ലിയത്. മരണത്തിന്റെ വക്കോളമെത്തിയ ക്രൂര മര്‍ദ്ദനം അവസാനിച്ചപ്പോള്‍ അവള്‍ പാടി: 'പൗലൊസും ശീലാസും ജയിലിലടക്കപ്പെട്ടു, എന്റെ ജനത്തെ വിട്ടയ്ക്ക.'' അവള്‍ ഒറ്റയ്ക്കല്ല പാടിയത്. മറ്റ് തടവുകാരും - ശരീരം കൊണ്ടു ബന്ധിതരെങ്കിലും ആത്മാവില്‍ സ്വാതന്ത്രരായവര്‍ - ആരാധനയില്‍ അവളോടൊപ്പം ചേര്‍ന്നു.

അപ്പൊ. പ്രവൃത്തികള്‍ 16 അനുസരിച്ച്, പൗലൊസും ശീലാസും യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞതിന് തടവിലാക്കപ്പെട്ട് പ്രയാസകരമായ ഒരു സ്ഥലത്തായി. എന്നാല്‍ അസൗകര്യങ്ങള്‍ അവരുടെ വിശ്വാസത്തെ ക്ഷീണിപ്പിച്ചില്ല. 'അര്‍ദ്ധരാത്രിയ്ക്ക് പൗലൊസും ശീലാസും പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു'' (വാ. 25). അവരുടെ ധൈര്യപൂര്‍വ്വമുള്ള ആരാധന യേശുവിനെക്കുറിച്ചു തുടര്‍ന്നും സംസാരിക്കുന്നതിനുള്ള അവസരം അവര്‍ക്ക് നല്‍കി. 'പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു'' (വാ. 32).

നമ്മില്‍ മിക്കവരും പൗലൊസും ശീലാസും അല്ലെങ്കില്‍ ഫാനിയും നേരിട്ടതുപോലെയുള്ള തീവ്രമായ സാഹചര്യങ്ങളെ നേരിട്ടെന്നു വരികയില്ല. പക്ഷേ നാമോരോരുത്തരും അസ്വസ്ഥ ജനകമായ സാഹചര്യങ്ങളെ നേരിടുന്നവരാണ്. അത് സംഭവിക്കുമ്പോള്‍, നമ്മുടെ ശക്തി വരുന്നത് വിശ്വസ്തനായ നമ്മുടെ ദൈവത്തില്‍ നിന്നാണ്. പ്രതിസന്ധിയുടെ നടുവിലും അവനെ മഹത്വപ്പെടുത്തുന്നതും അവനുവേണ്ടി സംസാരിക്കാന്‍ നമുക്ക് ധൈര്യം തരുന്നതുമായ ഒരു പാട്ട് നമ്മുടെ ഹൃദയങ്ങളിലുണ്ടായിരിക്കട്ടെ.

ദൈവത്തിന്റെ അതിശയ കരങ്ങള്‍

ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ അന്റോണിയയിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് ഇരുപത് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഫ്‌ളൈറ്റ് പ്ലാന്‍ വ്യത്യാസപ്പെടുത്തുകയും ശാന്തത പരിഭ്രാന്തിക്കു വഴിമാറുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിനുകളിലൊന്ന് പൊട്ടിത്തെറിച്ച് കഷണങ്ങള്‍ ക്യാബിനുള്ളിലേക്ക് തുളച്ചു കയറി. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശാന്തനും പ്രാപ്തനുമായ പൈലറ്റ് - നേവി ഫൈറ്റര്‍ പൈലറ്റായി പരിശീലനം നേടിയ - ഇല്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പ്രാദേശിക ദിനപ്പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു,'അതിശയ കരങ്ങളില്‍.'

സങ്കീര്‍ത്തനം 31 ല്‍, ദൈവത്തിന്റെ അതിശയവും കരുതുന്നതുമായ കരങ്ങളെക്കുറിച്ച് തനിക്കു ചിലത് അറിയാമെന്നു ദാവീദ് വെളിപ്പെടുത്തി. അതുകൊണ്ടാണ് 'നിന്റെ കൈയില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു' (വാ.5) എന്ന് ധൈര്യത്തോടെ ദാവീദ് പറഞ്ഞത്. ജീവിതം വഴിമുട്ടുമ്പോള്‍ ആശ്രയിക്കാന്‍ കൊള്ളാവുന്നവനാണ് യഹോവയെന്ന് ദാവീദ് വിശ്വസിച്ചു. ശത്രു ശക്തികള്‍ അവനെ ലക്ഷ്യം വെച്ചപ്പോള്‍ ദാവീദിന് ജീവിതം പ്രയാസകരമായിത്തീര്‍ന്നു. ആക്രമിക്കപ്പെടാവുന്ന സ്ഥിതിയിലാണെങ്കിലും അവന്‍ പ്രതീക്ഷയറ്റവനായിരുന്നില്ല. അസഹ്യപ്പെടുത്തലുകളുടെ നടുവിലും ദാവീദിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാനും സന്തോഷിക്കാനും കഴിഞ്ഞു. കാരണം അവന്റെ വിശ്വസ്തനും സ്‌നേഹവാനുമായ ദൈവം ആയിരുന്നു അവന്റെ ധൈര്യത്തിന്റെ ഉറവിടം (വാ. 5-7).

എല്ലാ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ നിങ്ങളുടെ നേരെ വരികയും മുമ്പില്‍ എന്താണെന്ന് കാണാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന, ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിലായിരിക്കാം നിങ്ങളിപ്പോള്‍. അനിശ്ചിതത്വത്തിന്റെയും ചിന്താക്കുഴപ്പത്തിന്റെയും ശൂന്യതയുടെയും നടുവില്‍ ഒരു കാര്യം പൂര്‍ണ്ണ ഉറപ്പോടെ നിലകൊള്ളുന്നു - കര്‍ത്താവില്‍ സുരക്ഷിതരായവര്‍ അതിശയ കരങ്ങളിലാണ്.

രണ്ടാം പാദ ശക്തി

രണ്ടു ലക്ഷ്യങ്ങളോടുകൂടിയാണ് 54-ാമത്തെ വയസ്സില്‍ ഞാന്‍ മില്‍വോക്കി മാരത്തണില്‍ ചേര്‍ന്നത് - ഒന്ന്, ഓട്ടം പൂര്‍ത്തിയാക്കുക, രണ്ട് അത് അഞ്ചു മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് പൂര്‍ത്തിയാക്കുക. ഒന്നാം പാദം പോലെ രണ്ടാം പാദത്തിലെ 13.1 മൈല്‍ നന്നായി പോയിരുന്നെങ്കില്‍ എന്റെ സമയം മികച്ചതാകുമായിരുന്നു. എന്നാല്‍ ഓട്ടം കഠിനമായിരുന്നു, രണ്ടാം പാദത്തില്‍ കിട്ടുമെന്ന് ഞാന്‍ വിചാരിച്ച ശക്തി ഒരിക്കലും കിട്ടിയില്ല. ഫിനിഷ് ലൈനിനോടു ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ ഉറച്ച ചുവടുകള്‍ കേവലം വേദനാജനകമായ നടത്തമായി മാറിയിരുന്നു.

കാലുകള്‍ ഉപയോഗിച്ചുള്ള ഓട്ടത്തില്‍ മാത്രമല്ല രണ്ടാം പാദ ശക്തി ആവശ്യമായിരിക്കുന്നത് - ജീവിത ഓട്ടത്തിനും വേണം. ക്ഷീണിച്ച, തളര്‍ന്ന ആളുകള്‍ക്ക് മുന്നോട്ട് പോകാന്‍ ദൈവത്തിന്റെ സഹായം വേണം. മുന്നോട്ട് പോകാന്‍ ബലം ആവശ്യമായിരിക്കുന്ന ജനത്തെ ഉത്തേജിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമായി യെശയ്യാവ് 40:27-31, കവിതയും പ്രവചനവും മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു. തളര്‍ന്നും നിരാശപ്പെട്ടും ഇരിക്കുന്ന ജനത്തോട് കര്‍ത്താവ് അകന്നു നില്‍ക്കുന്നവനോ കരുതലില്ലാത്തവനോ അല്ലെന്നും നമ്മുടെ കഷ്ടപ്പാടുകളെ അവന്‍ ശ്രദ്ധിക്കാതെ പോകുന്നില്ലെന്നും ഈ കാലാതിവര്‍ത്തിയായ വചനങ്ങള്‍ പറയുന്നു (വാ. 27). ഈ വാക്കുകള്‍ ആശ്വാസവും ഉറപ്പും പകരുകയും ദൈവത്തിന്റെ അപരിമിതമായ ബലത്തെയും അടികാണാത്ത ജ്ഞാനത്തെയും നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു (വാ. 28).

വാ. 29-31 ല്‍ വിവരിച്ചിരിക്കുന്ന രണ്ടാം പാദ ശക്തി നമുക്ക് പര്യാപ്തമായതാണ് - നമ്മുടെ കുടുംബത്തിനുവേണ്ടി കരുതാനുള്ള ശ്രമത്തിലാണ് നാമെങ്കില്‍, ഭൗതികവും സാമ്പത്തികവുമായ ഭാരത്തിനു കീഴില്‍ പ്രയാസപ്പെടുകയാണ് നിങ്ങളെങ്കില്‍, അല്ലെങ്കില്‍ ബന്ധത്തിലെ തകര്‍ച്ച മൂലം നിരാശപ്പെടുകയോ അല്ലെങ്കില്‍ ആത്മീയ പോരാട്ടമനുഭവിക്കുകയോ ചെയ്യുന്നെങ്കില്‍. യഹോവയെ കാത്തിരിക്കുന്നവര്‍ക്ക് - തിരുവചന ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയുടെയും - ലഭിക്കുന്ന ശക്തി അതാണ്.

പ്രദീപ്തമായ പ്രകാശങ്ങൾ

2015-ലെ വേനൽക്കാലത്ത്, കെനിയയിലെ നയിരോബിയിലുള്ള ചേരിപ്രദേശങ്ങളിലൊന്നായ മത്താരെയിൽ ഞങ്ങൾ കണ്ടത്, ഞങ്ങളുടെ സഭയിലെ ഒരു വിഭാഗത്തിന് സുബോധം വരുത്തുന്നതായിരിന്നു. വൃത്തിഹീനമായ തറയും, തുരുമ്പിക്കുന്ന ലോഹ ചുവരുകളും, തടിബെഞ്ചുകളും ഉള്ള ഒരു വിദ്യാലയം ഞങ്ങൾ സന്ദർശിച്ചു. എന്നാൽ ഇത്രയും ദീനമായ ചുറ്റുപാടുകളുടെ പശ്ചാത്തലത്തിലും ഒരാൾ, ശ്രദ്ധേയയായി.

അവളുടെ പേര് ബ്രില്ല്യന്‍റ് എന്നായിരുന്നു, ആ പേര് അവൾക്ക് കൂടുതൽ അനുയോജ്യമാകാതിരുന്നില്ല. തന്‍റെ ദൗത്യത്തിന് അനുയോജ്യമായ, സന്തോഷവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന, ഒരു പ്രാഥമിക വിദ്യാലയ അധ്യാപികയായിരുന്നു, അവൾ. നിറമുള്ള വസ്ത്രധാരണം, അവളുടെ ആകാരം, കുട്ടികളോടുള്ള ആനന്ദത്തിലൂന്നിയ അധ്യാപനം പ്രോത്സാഹനം തുടങ്ങിയവ, അത്യാകർഷകമായിരുന്നു.

തന്‍റെ പരിസ്ഥിതികളിൽ, ബ്രില്ല്യന്‍റ് പകർന്ന പ്രദീപ്തമായ പ്രകാശം സാമ്യമായിരിക്കുന്നത്, ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലെ ക്രിസ്ത്യാനികളോട് തങ്ങളുടെ ലോകത്തിൽ അവർ ആയിരിക്കേണ്ടുന്ന സ്ഥാനത്തെക്കുറിച്ച് പൗലോസ് എഴുതിയതിനോടാണ്. ആത്മീകനിർദ്ധനതയുടെ പശ്ചാത്തലത്തിലുള്ള ഒരു ലോകത്തിൽ, കർത്താവായ  യേശുക്രിസ്തുവിലുള്ള വിശ്വാസികൾ "ആകാശത്തിലെ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു" (ഫിലിപ്പിയർ 2:15). നമ്മുടെ കർത്തവ്യം മാറിയിട്ടില്ല. പ്രദീപ്തമായ പ്രകാശങ്ങൾ എല്ലായിടത്തും ആവശ്യമാണ്! “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നവനിലൂടെ” (വാക്യം 13), യേശുവിലെ വിശ്വാസികൾക്ക്, തന്നെ അനുഗമിക്കുന്നവരെക്കുറിച്ച് യേശു നൽകിയ വിവരണത്തിന് ഉതകുന്ന വിധത്തിൽ പ്രശോഭിക്കുവാൻ കഴിയും. നമ്മോട് ഇപ്പോഴും അവൻ പറയുന്നത്, “നിങ്ങൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു.... മറ്റുള്ളവർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:14-16).

മോമ്മയാൽ മുദ്രണം ചെയ്യപ്പെട്ട

അവളുടെ പേരിന് ദൈർഘ്യം ഉണ്ടായിരുന്നു, എന്നാൽ അവളുടെ ആയുസ്സിന്‍റെ ദൈർഘ്യം  വളരെ കൂടുതൽ ആയിരുന്നു. മാഡെലിൻ ഹരിയറ്റ് ഓർ ജാക്സൺ വില്യംസിന് 101 വയസ്സുണ്ടായിരുന്നു, രണ്ടു ഭർത്താക്കന്മാരെക്കാൾ കൂടുതൽ ജീവിച്ചു. രണ്ടുപേരും പ്രസംഗകർ ആയിരുന്നു. മാഡെലിൻ എന്‍റെ മുത്തശ്ശിയായിരുന്നു, ഞങ്ങൾ അവരെ മോമ്മാ എന്നാണ് അറിഞ്ഞിരുന്നത്. എന്‍റെ സഹോദരങ്ങളും ഞാനും അവരെ നന്നായി അടുത്തറിഞ്ഞിരുന്നു; അവരുടെ രണ്ടാമത്തെ ഭർത്താവ് അവരെ മാറ്റി നിർത്തുന്നതുവരെ ഞങ്ങൾ അവരുടെ വീട്ടിൽ ജീവിച്ചു. അപ്പോൾ പോലും അവൾ ഞങ്ങൾക്ക് അമ്പതു മൈൽ ദൂരം അകലെയായിരുന്നു. ഞങ്ങളുടെ മുത്തശ്ശി ഒരു ഗീതം ആലപിക്കുന്ന, വേദപഠനം ഉരുവിടുന്ന, പിയാനോ വായിക്കുന്ന, ദൈവഭയമുള്ള വനിതയായിരുന്നു. ഞാനും എന്‍റെ സഹോദരങ്ങളും അവരുടെ വിശ്വാസത്താൽ ആണ് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്.

2 തിമൊഥെയൊസ് 1:3-7 പ്രകാരം, തിമൊഥെയൊസിന്‍റെ ജീവിതത്തിൽ അവന്‍റെ മുത്തശ്ശി ലോവീസും അവന്‍റെ അമ്മ യൂനീക്കയും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ ജീവിതവും ഉപദേശവും തിരുവെഴുത്തുകളാകുന്ന മണ്ണിൽ വേരൂന്നിയതായിരുന്നു (വാക്യം 5; 2 തിമൊഥെയൊസ് 3:14-16) അവസാനം അവരുടെ വിശ്വാസം തിമൊഥെയൊസിന്‍റെ ഹൃദയത്തിൽ വിടരുവാനിടയായി. ദൈവവചനത്തിൽ അധിഷ്ഠിതമായ തന്‍റെ വളർച്ച, ദൈവവുമായുള്ള തന്‍റെ ബന്ധത്തിനു വേണ്ടിയുള്ള അടിത്തറ മാത്രമായിരുന്നില്ല, പ്രത്യുത കർത്താവിന്‍റെ വേലയിൽ പ്രയോജനപ്രദം ആയിരിക്കുന്നതിനും നിർണ്ണായകമായിരുന്നു (1:6-7).

ഇന്നും, തിമൊഥെയൊസിന്‍റെ കാലത്ത് എന്നതുപോലെ, ഭാവി തലമുറകളെ മുദ്രണം ചെയ്യുന്നതിന്, ദൈവം വിശ്വസ്തരായ സ്ത്രീകളെയും പുരുഷന്മാരെയും ഉപയോഗിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ, വാക്കുകൾ, പ്രവർത്തനങ്ങൾ, സേവനങ്ങൾ എന്നിവയെ നാം ജീവിച്ചിരിക്കുമ്പോൾ കർത്താവ് സുശക്തമായി പ്രയോജനപ്പെടുത്തും, അതിനു ശേഷം നാം കടന്നു പോയിക്കഴിയും. അത് കൊണ്ടാണ് ഞാനും എന്‍റെ സഹോദരങ്ങളും മോമ്മയിൽ നിന്നും പകർന്നു ലഭിച്ചകാര്യങ്ങൾ പരിശീലിക്കുന്നത്. മോമ്മയുടെ പാരമ്പര്യം ഞങ്ങളിൽ നിന്നു പോകരുതേ, എന്നാണ് എന്‍റെ പ്രാർത്ഥന.

അവൻ നമ്മുടെ കരം പിടിക്കുന്നു

ഒരു ഞായറാഴ്ച, പള്ളിയുടെ കോവണിപ്പടിയിൽ കളിച്ചുകൊണ്ടിരുന്ന ആ കൊച്ചു പെൺകുട്ടി സുന്ദരിയും ധീരയും സ്വതന്ത്രയും ആയിരുന്നു. കാഴ്ചയിൽ രണ്ടു വയസ്സിനുമുകളിൽ പ്രായമില്ലാത്ത ആ കുട്ടി, ഓരോ ചുവടും വളരെ സാവധാനം വച്ച് താഴേക്കിറങ്ങി. കോവണിപ്പടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങക എന്നതായിരുന്നു അവളുടെ ദൗത്യം, അവൾ അതു പൂർത്തീകരിച്ചു. ഈ ധീരയായ പിഞ്ചുകുഞ്ഞിന്‍റെ സുധീരമായ സ്വാതന്ത്ര്യത്തെ ഓർത്ത് ഞാൻ എന്നോടുതന്നെ പുഞ്ചിരിച്ചു. തന്‍റെ അമ്മയുടെ കാവൽ കണ്ണ് എപ്പോഴും അവളുടെ മേൽ ഉണ്ടായിരുന്നുവെന്നും, തന്നെ സഹായിക്കുവാൻ ആ സ്നേഹകരങ്ങൾ നീട്ടപ്പെടുമെന്നും അറിയാമായിരുന്നതിനാൽ ആ കുഞ്ഞിന് ഭയമില്ലായിരുന്നു. വൈവിധ്യമാർന്ന അനിശ്ചിതത്വങ്ങൾ നിറഞ്ഞ തന്‍റെ മക്കളുടെ ജീവിതത്തിൽ, സഹായിക്കുന്നതിനു വേണ്ടി സദാ സന്നദ്ധനായിരിക്കുന്ന കർത്താവിനെയാണ് ഈ ചിത്രം വരച്ചുകാണിക്കുന്നത്.

ഇന്നത്തെ തിരുവെഴുത്തിൽ "കൈ" എന്നത് രണ്ടു പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. തന്‍റെ പുരാതന ജനതയ്ക്ക് പേടിക്കുകയോ, ഭ്രമിച്ചു നോക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയതിനു ശേഷം യഹോവ അവരോടു പറഞ്ഞു: "എന്‍റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും" (യെശയ്യാവു 41:10). വളരെയധികം ഉത്കണ്ഠയും ഭയവുമുള്ള കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ബലത്തിൽ ഉറച്ചുനിൽക്കുന്നു. ഇവിടെ ദൈവത്തിന്‍റെ ശക്തി ദൃശ്യമാകുന്നു. "കൈ" എന്ന രണ്ടാമത്തെ സൂചനയിൽ, ഒരിക്കൽകൂടെ ദൈവം സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നു. "നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ നിന്‍റെ വലങ്കൈ പിടിച്ചു..." (വാക്യം 13). ജീവിത സാഹചര്യങ്ങളും കാലങ്ങളും മാറിവന്നാലും കർത്താവ് മാറുന്നില്ല. നാം നിരാശപ്പെടേണ്ടതില്ല (വാക്യം 10); കാരണം, കർത്താവ് അവന്‍റെ വാഗ്ദത്തത്തിന്‍റെ പിന്തുണയോടും കൂടെ, നാം കേൾക്കുവാൻ അതിയായി വാഞ്ഛിക്കുന്ന വാക്കുകളോടും കൂടെ വീണ്ടും ഉറപ്പു നല്കുന്നു: "ഭയപ്പെടേണ്ട" (വാക്യം 10, 13)

പ്രകാശം പരത്തിക്കൊണ്ട് ജീവിക്കുക

ഒരു നിർദ്ദിഷ്ട ജോലി നിമിത്തം, എനിക്കും എന്‍റെ സഹപ്രവർത്തകനും കൂടി 250 മൈൽ യാത്ര ചെയ്യേണ്ടതായി വന്നു, എന്നാൽ ഭവനത്തിൽ നിന്നും യാത്ര ആരംഭിച്ചപ്പോൾ തന്നെ വളരെ വൈകിയിരുന്നു. പ്രായമായ കണ്ണുകളുള്ള വാർദ്ധക്യം ബാധിച്ച ശരീരവും കൊണ്ട്, രാത്രി വാഹനമോടിക്കുന്നത് എനിക്ക് അൽപ്പം പ്രയാസകരമായി തോന്നി: എന്നിരുന്നാലും, ഞാൻ ആദ്യം വാഹനമോടിക്കുവാൻ തീരുമാനിച്ചു. എന്‍റെ കൈകൾ സ്റ്റിയറിംഗ് വീൽ മുറുകെപിടിക്കുകയും എന്‍റെ കണ്ണുകൾ, മങ്ങിയ വെളിച്ചം പതിഞ്ഞ പാതകളിലേക്ക് ഉറ്റു നോക്കുകയും ചെയ്തിരുന്നു. എന്‍റെ പുറകിലെ വാഹനങ്ങളിൽ നിന്നുള്ള പ്രകാശത്താൽ, മുന്നോട്ടുള്ള എന്‍റെ പാത എനിക്ക് കൂടുതൽ വ്യക്തതയോടെ കാണുവാൻ കഴിയുന്നു എന്ന് വാഹനം ഓടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ കണ്ടെത്തി. എന്‍റെ സുഹൃത്ത്  വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി. അപ്പോഴാണ്, ഞാൻ വാഹനം ഓടിച്ചിരുന്നത് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ ആയിരുന്നില്ല, പകരം ഫോഗ് ലൈറ്റിന്‍റെ വെളിച്ചത്തിൽ ആയിരുന്നുവെന്ന്  അദ്ദേഹം കണ്ടെത്തിയത്!

 നമ്മുടെ അനുദിന ജീവിതത്തിനുള്ള വെളിച്ചം ദൈവവചനം നമുക്കു നൽകുന്നുവെന്ന് ഗ്രഹിച്ച ഒരു വ്യക്തിയുടെ പ്രധാന രചനയാണ് സങ്കീർത്തനം 119. (വാക്യം 105). എന്നിരുന്നാലും,  ഹൈവേയിലെ എന്‍റെ അസുഖകരമായ രാത്രിയ്ക്ക് സമാനമായ സാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും അകപ്പെട്ടു പോകുന്നുണ്ടോ?  കാണുന്നതിനായ് നാം അനാവശ്യമായ ആയാസങ്ങൾ ഏറ്റെടുക്കുകയും ദൈവവചനത്തിന്‍റെ പ്രകാശം ഉപയോഗിക്കുന്നതിന് നാം മറന്നുപോകുന്നതിനാൽ, ശ്രേഷ്ഠമായ പാതകളിൽനിന്ന് നാം ചിലപ്പോഴൊക്കെ അകന്നുപോകുകയും ചെയ്യുന്നു. "ലൈറ്റ് സ്വിച്ച്” പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് നാം മനഃപൂർവമായി ബോധമുള്ളവരായിരിക്കണമെന്ന് സങ്കീർത്തനം 119 പ്രോത്സാഹിപ്പിക്കുന്നു. നാം അപ്രകാരം ചെയ്യുമ്പോൾ എന്തു സംഭവിക്കും? വിശുദ്ധിക്ക് അനിവാര്യമായ ജ്ഞാനം നാം കണ്ടെത്തുന്നു (വാക്യം 9-11); വഴിമാറിപ്പോകാതിരിക്കുന്നതിനുള്ള നവ പ്രചോദനവും പ്രോത്സാഹനവും നമ്മൾ കണ്ടെത്തുന്നു (വാക്യം 101-102). പ്രകാശം പരത്തിക്കൊണ്ട് നാം ജീവിക്കുമ്പോൾ, സങ്കീർത്തനക്കാരന്‍റെ സ്തുതി നമ്മുടെ സ്തുതിയായിത്തീരുവാനിടയുണ്ട്: "നിന്‍റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം;  ഇടവിടാതെ അത് എന്‍റെ ധ്യാനമാകുന്നു "(വാക്യം 97).